Thursday , October 17 2019
Popular Contents
Home / ART OF KERALA / KUMMATTI

KUMMATTI

കുമ്മാട്ടി

 

തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി.kummatti തൃശൂർ നഗരത്തിനു ചുറ്റുമുള്ള ദേശക്കാർ ഓണത്തോടനുബന്ധിച്ച് ആഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.

 

ഐതിഹ്യം

കാലദോഷം തീർക്കാനും കുട്ടികളെ ആഹ്ലാദിപ്പിച്ച് അവർക്ക് നന്മനേരാനുമെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങൾക്ക് പിന്നിലെ ഐതിഹ്യം ശിവനും അർജ്ജുനനുമായി ബന്ധപ്പെട്ടതാണ്.

പാണ്ഡവരുടെ വനവാസകാലത്ത് യുധിഷ്ഠിരൻ അനുജനായ അർജ്ജുനനോട് ശത്രുസംഹാരത്തിനായി വിശിഷ്ട ആയുധങ്ങൾ തപസുചെയ്ത് നേടാൻ നിർദ്ദേശിച്ചു. അതനുസരിച്ച് അർജ്ജുനൻ ഹിമാലയത്തിലെത്തി ദേവേന്ദ്രൻ, ശിവൻ, യമൻ, വരുണൻ എന്നീ ദേവൻമാരെ കണ്ട് വരം സ്വന്തമാക്കി. ഇതിൽ ശിവനെ പ്രത്യക്ഷപ്പെടുത്താൻ കഠിനമായ തപസ്സു ചെയ്യേണ്ടിവന്നു. ശിവന്റെ പക്കലുള്ള പാശുപതാസ്ത്രമായിരുന്നുഅർജ്ജുൻ വരമായി ആഗ്രഹിച്ചത്. എന്നാൽ ഈ വരം നല്കുന്നതിന് മുമ്പായി അർജ്ജുനന്റെ സാമർഥ്യം പരീക്ഷിക്കാൻ ശിവൻ തിരുമാനിച്ചു. അതിനു ശേഷം മാത്രമേ അസ്ത്രദാനം നല്കൂ എന്ന് നിശ്ചയിച്ചു.

ശിവൻ കാട്ടാളരൂപം ധരിച്ച് അർജ്ജുനന്റെ മുമ്പിലെത്തി. പാർവ്വതി കാട്ടാളത്തിയുമായി. മായാവിദ്യയിലൂടെ ഒരു കാട്ടുപന്നിയെസമാധിസ്ഥനായ അർജ്ജുനന്റെ മുമ്പിലൂടെ ഓടിച്ചു. പെട്ടെന്ന് കണ്ണുതുറന്ന അർജ്ജുനൻ വില്ലുകുലച്ച് പന്നിയ്ക്ക് പിന്നാലെ ഓടി. കിരാതരൂപിയായ ശിവൻ മറ്റൊരു വഴിയിലൂടെ പന്നിയെ പിന്തുടർന്നു. ഒരിടത്ത് വച്ച് ഇരുവരും വില്ലുകുലയ്ച്ചു. രണ്ട് ശരങ്ങളും ഒരേ സമയം പന്നിയുടെ ദേഹത്ത് പതിച്ചു. പ്രാണവേദനകൊണ്ട് പുളഞ്ഞ് പന്നി ചത്തുവീണു. താനയച്ച അമ്പാണ് ആദ്യം പന്നിയ്ക്ക് മേൽ കൊണ്ടെതെന്ന് പറഞ്ഞ് അർജ്ജുനൻ പന്നിയ്ക്ക് മേൽ അവകാശവാദം ഉന്നയിച്ചു. ആ വാദത്തെ ഖണ്ഡിച്ച് കിരാതനും അവകാശവാദമുന്നയിച്ചു. തർക്കം മുറുകിയപ്പോൾ തങ്ങളിൽ ആരാണ് കേമൻ എന്ന് യുദ്ധത്തിലൂടെ തിരുമാനിക്കാം എന്ന ധാരണയിലെത്തി.

അല്പസമയത്തിനകം അവിടം ഒരു യുദ്ധഭൂമിയായി. തുല്യശക്തികളായ ശിവനും അർജ്ജുനനും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്നു. ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ച് തങ്ങളുടെ കഴിവുകൾ കാട്ടി. ഏറെ നേരം നീണ്ടയുദ്ധത്തിനൊടുവിൽ അർജ്ജുനൻ നിരായുധനും നിസ്സഹായനുമായി. കേവലമൊരു കാട്ടാളനോട് അടിയറവുപറയേണ്ടിവന്നതിൽ അർജ്ജുനൻ ദുഃഖിച്ചു. പെട്ടെന്ന് ശിവൻ കിരാതരൂപം വെടിഞ്ഞ് സ്വരൂപം കൈക്കൊണ്ട് അർജ്ജുനനെ അനുഗ്രഹിച്ചു. വിഷമിക്കേണ്ടതില്ല. കിരാതരൂപത്തിൽ വന്ന് നിന്നെ പരീക്ഷിക്കുകയായിരുന്നു എന്നും പരീക്ഷണത്തിൽ അർജ്ജുനൻ വിജയിച്ചു എന്നും പറഞ്ഞ് ദിവ്യശ്കതിയുള്ള പാശുപതാസ്ത്രം സമ്മാനിച്ചു.

അർജ്ജുനൻ ആദരപൂർവ്വം പാശുപതാസ്ത്രം വാങ്ങി ശിവനെ നമസ്കരിച്ചു. അപ്പോഴേയ്ക്കും ശിവന്റെ അസംഖ്യം ഭൂതഗണങ്ങൾ അവിടെയെത്തി. അവർ ശിവനേയും പാർവ്വതിയേയും സന്തോഷിപ്പിക്കാൻ അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തു. അനന്തരം ശിവനും പാർവ്വതിയും അപ്രത്യക്ഷരായി.

വളരെ കാലത്തിന് ശേഷം ശിവൻ പാർവ്വതീസമേതനായി തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ കുടികൊണ്ടു. ഭൂതഗണങ്ങളുടെ പഴയ നൃത്തവും പാട്ടും ഒരിക്കൽ കൂടി കേൾക്കണമെന്ന് പാർവ്വതിക്ക് മോഹമുണ്ടായി. ആ നിമിഷം ഭൂതഗണങ്ങളെ വരുത്തി നൃത്തം ചെയ്യാനാവശ്യപ്പെട്ടു. താളാത്മകമായ പാട്ടും നൃത്തവും ഭഗവതിക്ക് ഏറെ ഇഷ്ടപ്പെട്ടു. നൃത്തം തീർന്നതും പാർവ്വതി ഭൂതഗണങ്ങൾക്ക് പട്ടും വളയും സമ്മാനിച്ചു. അതിന് ശേഷം ശിവൻ ഭൂതഗണങ്ങളോട് ഇങ്ങനെ നിർദ്ദേശിച്ചു. “ഏറെ ഹൃദ്യമായ നിങ്ങളുടെ ആട്ടവും പാട്ടും ചെയ്ത് നിങ്ങൾ ജനങ്ങളെ സന്തോഷിപ്പിക്കണം. ഒരു കാലത്തും വിസ്മരിക്കാതെ അവർ ഈ കലയെ സംരക്ഷിച്ചുകൊള്ളും. ഓണക്കാലത്ത് എന്റെ പ്രിയഭക്തനായ മഹാബലി കേരളീയരെ കാണാനായി ഇവിടെയെത്തും. അപ്പോൾ നിങ്ങൾ ഭക്തരുടെ ഭവനങ്ങൾ സന്ദർശിച്ച് നൃത്തവും പാട്ടുംകൊണ്ട് അവരെ ആനന്ദിപ്പിക്കണം.” അങ്ങനെയാണ് കുമ്മാട്ടിക്കളിയ്ക്ക് തൃശ്ശൂരിലും പരിസരങ്ങളിലും പ്രചാരമുണ്ടായതെന്ന് ഐതിഹ്യം.

 

 

  «Info: Wikipedia»

Leave a Reply